കേളി എന്റെ മലയാളം സാക്ഷരതാ പഠനക്ലാസിനു തുടക്കമായി

കേളി എന്റെ മലയാളം സാക്ഷരതാ പഠനക്ലാസിനു തുടക്കമായി

 

കേളി എന്റെ മലയാളം സാക്ഷരതാ പഠനക്ലാസിനു തുടക്കമായി

 

05:36 pM, Wednesday Feb 7, 2018
വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ് 

കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ സാക്ഷരതാ മിഷന്‍ പദ്ധതികളുടെ  സഹകരണത്തോടെ റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ ‘എന്റെ മലയാളം’ സാക്ഷരതാ പദ്ധതിയുടെ പഠനക്ലാസുകള്‍ക്ക് തുടക്കമായി.

പ്രശസ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ. കെ. സച്ചിദാനന്ദനാണ് കഴിഞ്ഞ വര്‍ഷം പദ്ധതി റിയാദില്‍ ഉദ്ഘാടനം ചെയ്ത്. പ്രവാസി മലയാളി കുട്ടികള്‍ക്ക് മലയാളഭാഷ പരിചയപ്പെടുത്തുന്നതിനായി നടത്തിവരുന്ന കേളി മധുരം മലയാളം പദ്ധതിക്കു പുറമെയാണ് പ്രവാസി മലയാളികള്‍ക്കായി ”എന്റെ മലയാളം” സാക്ഷരതാ പദ്ധതിക്ക് കേളി തുടക്കം കുറിച്ചിരിക്കുന്നത്.

അക്ഷര സാക്ഷരതക്കുപരിയായി പ്രവാസികള്‍ക്ക് ആരോഗ്യം, സാമ്പത്തികം, പരിസ്ഥിതി, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ദുരന്ത നിവാരണം, സമ്മതിദാനം നിയമം എന്നീ മേഖലകളിലെല്ലാം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കാനുതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്  എന്റെ മലയാളം സാക്ഷരതാ പദ്ധതി പ്രാധാന്യം നല്‍കുന്നത്.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അധ്യാപന പരിചയവുമുള്ള അധ്യാപികമാരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സിറ്റി ഫ്‌ളവര്‍ ഗ്രൂപ്പ് ആണ് പഠനക്ലാസ്സുകള്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കാന്‍ സഹകരിച്ചത്.

വിവിധ കാരണങ്ങളാല്‍ അക്ഷരാഭ്യാസം നേടാന്‍ കഴിയാതെപോയവരും പഠനം ഇടക്കു മുടങ്ങിപോയവരും അക്ഷരങ്ങള്‍ തന്നെ മറന്നുപോയവരും ഉള്‍പ്പെടെ ആദ്യദിവസം മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ടു സെഷനുകളിലായി മുന്നൂറില്‍പരം പ്രവാസികളാണ് 11 ഡിവിഷനുകളിലായി ക്ലാസില്‍ പങ്കെടുത്തത്.

പ്രവാസലോകത്ത് വീണു കിട്ടിയ ഈ അസുലഭ അവസരം ആവേശത്തോടെ ആസ്വദിക്കാന്‍ അക്ഷരലോകത്തേക്ക് വിദ്യാര്‍ഥികളായി വീണ്ടുമെത്തി ക്ലാസ്സുമുറികളില്‍ അച്ചടക്കത്തോടെ ഇരിക്കാന്‍ കഴിഞ്ഞത് ഓരോരുത്തരിലും ഗൃഹാതുരസ്മരണ ഉണര്‍ത്തി.
രണ്ട് ആഴ്ച്ചയില്‍ ഒരിക്കല്‍ എന്ന രീതിയിലാണ് റിയാദ്, അല്‍ഖര്‍ജ്, മുസാഹ്മിയ, ദവാദ്മി എന്നീ പ്രദേശങ്ങളില്‍ കുട്ടികള്‍ക്കായുള്ള മധുരം മലയാളം പരിപാടി ഉള്‍പ്പടെ സാക്ഷരതാ തുടര്‍പഠന ക്ലാസ് സംഘടിപ്പിക്കുന്നതെന്ന് കേളി ഭാരവാഹികള്‍ പറഞ്ഞു.

തുടര്‍പഠന ക്ലാസ്സിന്റെ ഉദ്ഘാടനം കേളി മുഖ്യ രക്ഷാധികാരി കെ ആര്‍ ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി സമിതി അംഗം മുഹമ്മദ്കുഞ്ഞ്് വള്ളികുന്നം എന്നിവര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് അധ്യക്ഷനായിരുന്നു.

സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ റഷീദ് മേലേതില്‍, സതീഷ്‌കുമാര്‍, ഗീവര്‍ഗ്ഗീസ്, ജോ: സെക്രട്ടറിമാരായ ഷമീര്‍ കുന്നുമ്മല്‍, റഫീഖ് പാലത്ത്, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍. സുബ്രഹ്മണ്യന്‍, അധ്യാപികമാരായ, സീബ അനി, മാജിദ ഷാജഹാന്‍, ലീന സുരേഷ്, ഷൈനി അനില്‍, സ്മിത മധു, ഫസീലനാസര്‍, സീന സെബിന്‍, പ്രിയ വിനോദ്, ഷംഷാദ് അഷറഫ്, എന്നിവര്‍ സംസാരിച്ചു.

 

  • Demo Image
  • Demo Image

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .