കേളി കുടുംബവേദി അന്തര്‍ദേശീയ വനിതാദിന പരിപാടി സംഘടിപ്പിച്ചു

റിയാദ് ഇന്ത്യന്‍ എംബസ്സി സ്കൂള്‍ അധ്യാപിക സ്മിത മധു കേളി കുടുംബവേദി വനിതാദിന പരിപാടി ഉത്ഘാടനം ചെയ്യുന്നു.
കേളി കലാസാംസ്കാരികവേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാദിന പരിപാടി സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണം സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി സമകാലിക സാമൂഹികാന്തരീക്ഷത്തില്‍ സ്ത്രീകളുടെ ജീവിതം ഉന്നതിയിലേക്ക് പരിവര്‍ത്തിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സന്ദേശം നല്‍കിയാണ് കുടുംബവേദി അന്തര്‍ദേശീയ വനിതാദിന പരിപാടി സംഘടിപ്പിച്ചത്.

സുലൈ ഖാന്‍ ആഡിറ്റോറിയത്തില്‍ കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗം സജീന സിജിന്‍ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച പരിപാടിയില്‍ പ്രസിഡന്‍റ് സീബ അനി അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ എംബസി സ്കൂള്‍ അധ്യാപിക സ്മിത മധു വനിതാദിന പരിപാടി ഉത്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണം പ്രായോഗികവും കാര്യക്ഷമവും ആകണമെങ്കില്‍ സ്ത്രീകളുടെ മാനസികവും ബുദ്ധിപരവും വൈകാരികവും സാമ്പത്തികവുമായ എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ടുള്ള സമീപനങ്ങള്‍ക്ക് മാത്രമെ സാധിക്കുകയുള്ളു. പൊതു ഇടങ്ങളിലിലും തൊഴിലിടങ്ങളിലും മാത്രമല്ല അടഞ്ഞ വാതിലുകള്‍ക്ക് പിന്നില്‍പോലും സ്ത്രീ സുരക്ഷിതയല്ലാതായി മാറുന്ന അവസ്ഥയാണുള്ളത്.. സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്‍റെ കാഴ്ച്ചപ്പാടുകള്‍തന്നെ മാറേണ്ടതുണ്ടെന്നും പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സ്മിത ടീച്ചര്‍ അഭിപ്രായപ്പെട്ടു.
ലോക ചരിത്രത്തില്‍തന്നെ വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, ബഹിരാകാശം, സാഹിത്യം, കല, കായികം, ആരോഗ്യം, ജീവകാരുണ്യം, വനിതാ സംരംഭം തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വനിതകളെക്കുറിച്ച് കുടുംബവേദി പ്രവര്‍ത്തകരായ ലീന സുരേഷ്, ശ്രീഷ സുകേഷ്, സന്ധ്യ പുഷ്പരാജ്, പ്രിയ വിനോദ്, സിന്ധു ഷാജി എന്നിവരും, സൈബ തെരുവിലൂടെയുള്ള പെണ്‍നടത്തങ്ങളെക്കുറിച്ച് ബിന്ധ്യ മഹേഷും, വനമുത്തശ്ശി എന്ന പേരിലറിയപ്പെടുന്ന പദ്മശ്രീ ജേതാവുകൂടിയായ ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ച് ഇന്ത്യന്‍ എംബസി സ്കൂള്‍ വിദ്യാര്‍ത്ഥി സപ്ന ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
കുടുംബവേദി സെക്രട്ടറി മാജിദ ഷാജഹാന്‍ സ്വാഗതവും നിസ നൗഷാദ് നന്ദിയും പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി സമിതി അംഗം റഷീദ് മേലേതില്‍, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, കൂടാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Spread the word. Share this post!

About the Author