സൗദി എയർലൈൻസ് തിരുവനന്തപുരത്തേക്കുള്ള സർവ്വീസ് മാർച്ച് അവസാനം മുതൽ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ സർക്കാർ തലത്തിൽ സൗദി എയർലൈൻസിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് റിയാദ് കേളി കലാ സാംസ്കാരികവേദി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആറു മാസമായി തുടർന്നുവരുന്ന സർവ്വീസുകൾ ജിദ്ദയിൽ നിന്നും റിയാദിൽ നിന്നും പ്രതിവാരം രണ്ട് വീതമായിരുന്നു. തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ സർവ്വീസുകളാണ് മാർച്ച് 24 മുതൽ നിർത്തലാക്കാൻ സൗദി എയർലൈൻസ് തീരുമാനിച്ചിരിക്കുന്നത്. ഈ സർവ്വീസുകൾ തുടരണമെന്നാവശ്യപ്പെട്ട് സൗദി എയർലൈൻസിനുമേൽ സർക്കാർ തലത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്.
തിരുവനന്തപുരത്തിനു പകരം ഏതെങ്കിലും വടക്കേ ഇന്ത്യൻ നഗരങ്ങളിലേക്ക് സൗദി എയർലൈൻസിനു സർവ്വീസ് അനുവദിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം. ഈ സർവ്വീസ് നിർത്തലാക്കുന്നത് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഏറെ അസൗകര്യങ്ങളുണ്ടാക്കുമെന്നതിൽ സംശയമില്ല.
കേരള സർക്കാരിനും, നോർക്ക വകുപ്പിനും, കേന്ദ്ര വ്യോമയാന വകുപ്പിനും, സൗദി എയർലൈൻസ് അധികൃതർക്കും ഇതു സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ടെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ പറഞ്ഞു.
എയർ ഇന്ത്യയെ അപേക്ഷിച്ച് സമയക്ളിപ്തതയിലും മറ്റു സേവനങ്ങളിലും സൗദി എയർലൈൻസ് വളരെ മുന്നിലാണെന്നതുകൊണ്ടുതന്നെ കൂടുതൽ യാത്രക്കാരും സൗദി എയർലൈൻസിൽ യാത്ര ചെയ്യുന്നതിനാണ് മുൻഗണന നൽകിവരുന്നത്. റിയാദിലും ജിദ്ദയിലുമുള്ള പ്രവാസി മലയാളി സംഘടനകളും ഈ സർവ്വീസ് നിർത്തലാക്കുന്നതിനെതിരെ സൗദി എയർലൈൻസിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും സമ്മർദ്ദം ചെലുത്തണമെന്ന് അടിയന്തിരമായി കേരള സർക്കാരിനോടാവശ്യപ്പെടണമെന്നും പ്രസ്താവനയിൽ പറഞ്ഞു.