കേളി ഭരണഘടന

1. സംഘടനയുടെ പേര്: കേളി കലാസാംസ്കാരിക വേദി, റിയാദ്

2. പ്രവർത്തന മേഖല: റിയാദും പരിസര പ്രദേശങ്ങളും.

3. സംഘടനയുടെ കേന്ദ്ര ആസ്ഥാനം: ബത്ഹ, റിയാദ്, സൗദി അറേബ്യ

4. സംഘടനയുടെ ലക്ഷ്യങ്ങൾ

 1. കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ സാമൂഹിക നൻമ മുൻനിർത്തിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും സാംസ്കാരിക, കലാ കായിക പ്രവർത്തനങ്ങളുമാണ് വേദിയുടെ മുഖ്യ ലക്ഷ്യങ്ങൾ.

 2. ഗൾഫ്‌ മലയാളികളുടെ പ്രശ്നങ്ങളിൽ സൗദി അറേബ്യയിലെ നിയമങ്ങൾക്ക് വിധേയമായി ഇടപെടുക.

 3. കേന്ദ്ര കേരള സർക്കാരുകളിൽ നിന്നും പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച്‌ അംഗങ്ങളെ ബോധവാന്മാരാക്കുകയും, തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്യുക.

5. അംഗത്വം

a. കേളിയുടെ ലക്ഷ്യങ്ങളും, ഭരണഘടനയും അംഗീകരിക്കുകയും, പ്രവർത്തന പരിധിയിൽ പെടുന്നതുമായ ഏതൊരു മലയാളിക്കും വേദിയിൽ  അംഗമാകാവുന്നതാണ്.

b. അംഗത്വ ഫീസ് പത്ത് റിയാലും വാർഷിക വരിസംഖ്യ അൻപത് റിയാലും ആയിരിക്കും. അംഗങ്ങൾ എല്ലാ വർഷവും രണ്ട് റിയാൽ നൽകി അംഗത്വം പുതുക്കണം. അംഗത്വം പുതുക്കി, വാർഷിക വരിസംഖ്യ അടക്കാത്തവർക്ക് കേളി കലാസാംസ്കാരിക വേദിയുടെ അംഗത്വം നഷ്ടപ്പെടുന്നതായിരിക്കും.

c. കേന്ദ്ര കമ്മിറ്റിയുടെ അനുവാദമുള്ള പ്രത്യേക ഫോറത്തിലായിരിക്കണം അംഗത്വത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്.

d. യൂണിറ്റ്, മേഖല, ഏരിയ കമ്മിറ്റികളുടെ ശുപാർശ പ്രകാരവും, കേന്ദ്രകമ്മിറ്റിക്ക് നേരിട്ടും അംഗത്വം നൽകാവുന്നതും, നിഷേധിക്കാവുന്നതും, റദ്ദാക്കാവുന്നതുമാണ്. ഇതിന്റെ പരിപൂർണ്ണ അധികാരം കേന്ദ്രകമ്മിറ്റിക്കാണ്.

e. കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം ലഭിച്ച അംഗത്വ ഫോറത്തിന്റെ ഒറിജിനൽ സോഫ്റ്റ് കോപ്പിയാക്കി കേന്ദ്രകമ്മിറ്റി സൂക്ഷിക്കണം. ഒറിജിനൽ സൂക്ഷിക്കേണ്ടതില്ല. ഇതിന്റെ രജിസ്റ്റർ കേന്ദ്ര, ഏരിയ, മേഖല, യൂണിറ്റ് കമ്മിറ്റികൾ തയ്യാറാക്കി സൂക്ഷിക്കണം.

f. എല്ലാ അംഗങ്ങൾക്കും വേദിയിൽ തുല്യ അവകാശമായിരിക്കും.

g. വേദിയുടെ അച്ചടക്കം ലംഘിക്കുകയും വേദിയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന അംഗങ്ങൾക്കെതിരെ തൊട്ടടുത്ത മേൽകമ്മിറ്റിയുടെ അംഗീകാരത്തോടെ അതാത് ഘടകങ്ങൾക്ക് സംഘടന നടപടി എടുക്കാവുന്നതാണ്. 

സംഘടനാ  നടപടികൾ:

– കാരണം കാണിക്കൽ

– താക്കീത്

– സസ്‌പെൻഷൻ

– പുറത്താക്കൽ

h. നടപടിക്ക് വിധേയനായ അംഗത്തിന് തൊട്ടടുത്ത മേൽഘടകത്തിനോ, കേന്ദ്രകമ്മിറ്റിക്കോ പരാതി നൽകാവുന്നതാണ്.

i. വ്യക്തി ഘടകത്തിനും ന്യൂനപക്ഷം ഭൂരിപക്ഷത്തിനും, ഘടകം മേൽഘടകത്തിനും വിധേയമായി പ്രവർത്തിക്കേണ്ടതാണ്.

j. ഏതൊരംഗത്തിനും തന്റെ അഭിപ്രായങ്ങൾ താനുൾക്കൊള്ളുന്ന ഘടകത്തിൽ പറയാവുന്നതാണ്.

k. സമാന സ്വഭാവമുള്ള സംഘടനകളിൽ അംഗങ്ങളായിട്ടുള്ളവർക്ക് വേദിയിൽ അംഗത്വം നൽകുന്നതല്ല.

6. സംഘടയുടെ ഘടന

കേളി കലാസാംസ്കാരിക വേദിക്ക് കേന്ദ്ര കമ്മിറ്റി, ഏരിയ കമ്മിറ്റി, മേഖല കമ്മിറ്റി, യൂണിറ്റ് കമ്മിറ്റി എന്നിങ്ങനെ നാല് തലങ്ങൾ ഉണ്ടായിരിക്കണം. കൂടാതെ കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിന്റെ നിർദ്ദേശം  അനുസരിച്ചുള്ള രക്ഷാധികാരി സമിതിയും ഉണ്ടായിരിക്കണം. കേളി കലാസാംസ്കാരിക വേദിയുടെ നയ രൂപീകരണ ചുമതല രക്ഷാധികാരി സമിതിക്ക് ആയിരിക്കും.

യൂണിറ്റ് സമ്മേളനം, മേഖല സമ്മേളനം, ഏരിയ സമ്മേളനം, കേന്ദ്ര സമ്മേളനം എന്നിവ    കൂടിയാണ് അതാത്  ഘടകങ്ങളിലെ  എക്സിക്യൂട്ടീവ് അംഗങ്ങളെയും, ഭാരവാഹികളേയും തെരഞ്ഞെടുക്കേണ്ടത്. സമ്മേളന കാലാവധി മൂന്ന് (3) വർഷമായിരിക്കും. മുന്നൂറിൽ കൂടുതലോ അല്ലെങ്കിൽ അതാതു  കാലയളവിലെ  കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്ന എണ്ണത്തിൽ കൂടുതലോ അംഗങ്ങളുള്ള ഏരിയകളിലാണ് യൂണിറ്റ്  കമ്മിറ്റികൾക്കും ഏരിയ കമ്മിറ്റികൾക്കുമിടയിൽ മേഖല കമ്മിറ്റികൾ രൂപീകരിക്കേണ്ടത്.


a) കേന്ദ്ര സമ്മേളനം

മൂന്ന് വർഷത്തിലൊരിക്കൽ കേന്ദ്ര സമ്മേളനം നടത്തേണ്ടതാണ്. ആകെ മെമ്പർഷിപ്പിന്റെ അനുപാതത്തിലാണ് പ്രതിനിധികളെ നിശ്ചയിക്കേണ്ടത്. മെമ്പർഷിപ്പ് അനുപാതം അതാത് കാലയളവിലെ കേന്ദ്രകമ്മിറ്റി തീരുമാനിക്കും.

 1. വേദിയുടെ ഉയർന്ന ഘടകം കേന്ദ്രസമ്മേളനം ആയിരിക്കും.
 2. കേന്ദ്രസമ്മേളനത്തിൽ വെച്ച് പരമാവധി മുപ്പത്തി ഒന്ന് (31) അംഗങ്ങൾ അടങ്ങുന്ന കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടതാണ്. ഭാരവാഹികളടക്കം ഒൻപത് (9) പേരടങ്ങുന്ന കേന്ദ്ര സെക്രട്ടേറിയേറ്റിനെ പിന്നീട് ചേരുന്ന കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുക്കേണ്ടതാണ്.
 3. രണ്ടു സമ്മേളനങ്ങൾക്കിടയിലുള്ള കാലയളവിൽ വരുന്ന സംഘടനാപരവും, നയപരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രകമ്മിറ്റിക്കായിരിക്കും.
 4. രണ്ട് കേന്ദ്ര കമ്മിറ്റികൾക്കിടയിൽ വരുന്ന അടിയന്തിര സ്വഭാവമുള്ള കാര്യങ്ങളിൽ സെക്രട്ടേറിയേറ്റ് കൂടി തീരുമാനം എടുക്കാവുന്നതാണ്. സെക്രട്ടേറിയേറ്റിന് ശേഷം ചേരുന്ന ആദ്യ കേന്ദ്രകമ്മിറ്റിയിൽ സെക്രട്ടേറിയേറ്റ് എടുത്ത തീരുമാനങ്ങൾ കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമാക്കേണ്ടതാണ്.

b) ഏരിയ സമ്മേളനം

മൂന്ന് വർഷത്തിലൊരിക്കൽ സമ്മേളനം നടത്തേണ്ടതാണ്.ഏരിയക്ക് കീഴിലെ യൂണിറ്റുകളിലെ ആകെ മെമ്പർഷിപ്പിന്റെ അനുപാതത്തിലാണ് പ്രതിനിധികളെ നിശ്ചയിക്കേണ്ടത്.മെമ്പർഷിപ്പ് അനുപാതം  അതാത്‌കാലയളവിലെ കേന്ദ്രകമ്മിറ്റി തീരുമാനിക്കും.

 1. ഏരിയ സമ്മേളനത്തിൽ വെച്ച് പരമാവധി പത്തൊൻപത് (19) അംഗങ്ങളടങ്ങുന്ന ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടതാണ്. മേഖല കമ്മിറ്റികൾ നിലവിലുള്ള ഏരിയകളിൽ ഏരിയാസമ്മേളനത്തിൽ വെച്ച് പരമാവധി പതിനഞ്ച് (15) അംഗങ്ങളെ  തെരഞ്ഞെടുക്കേണ്ടതാണ്. ഭാരവാഹികളടക്കം ഒൻപത് (9) പേരടങ്ങുന്ന ഏരിയ സെന്ററിനെ പിന്നീട് ചേരുന്ന ഏരിയകമ്മിറ്റി തെരെഞ്ഞെടുക്കേണ്ടതാണ്. കേന്ദ്ര സെക്രട്ടേറിയേറ്റിന്റെ പ്രവർത്തന രീതിയാണ് ഏരിയ സെന്റർ അവലംബിക്കേണ്ടത്.
 2. കേന്ദ്രസമ്മേളനത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടത് ഏരിയ സമ്മേളനമാണ്.
 3. രണ്ടു സമ്മേളനങ്ങൾക്കിടയിലുള്ള കാലയളവിൽ ഏരിയ കമ്മിറ്റിയുടെ പരിധിക്കുള്ളിൽ വരുന്ന സംഘടനാപരവും, നയപരവുമായ കാര്യങ്ങളിൽ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ ഏരിയ കമ്മിറ്റിക്ക് തീരുമാനമെടുക്കാവുന്നതാണ്.

c) മേഖല സമ്മേളനം

മൂന്ന് വർഷത്തിലൊരിക്കൽ മേഖല സമ്മേളനം നടത്തേണ്ടതാണ്. മേഖലയിലെ ആകെ മെമ്പർഷിപ്പിന്റെ അനുപാതത്തിലാണ് പ്രതിനിധികളെ നിശ്ചയിക്കേണ്ടത്.മെമ്പർഷിപ്പ് അനുപാതം അതാത് കാലയളവിലെ കേന്ദ്രകമ്മിറ്റി തീരുമാനിക്കും.

 1. മേഖല സമ്മേളനത്തിൽ വെച്ച് പരമാവധി പത്തൊൻപത് (19) അംഗങ്ങളടങ്ങുന്ന മേഖല എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടതാണ്.
 2. ഏരിയാസമ്മേളനത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികളെ തെഞ്ഞെടുക്കേണ്ടത് മേഖല സമ്മേളനമാണ്.
 3. രണ്ടു സമ്മേളനങ്ങൾക്കിടയിലുള്ള കാലയളവിൽ മേഖല കമ്മിറ്റിയുടെ പരിധിക്കുള്ളിൽ വരുന്ന സംഘടനാപരവും, നയപരവുമായ കാര്യങ്ങളിൽ ഏരിയ കമ്മിറ്റിയുടെ അംഗീകാരത്തോടെ മേഖല കമ്മിറ്റിക്ക് തീരുമാനമെടുക്കാവുന്നതാണ്.

d) യൂണിറ്റ് സമ്മേളനം

മൂന്ന് വർഷത്തിലൊരിക്കൽ മുഴുവന്‍ അംഗങ്ങളേയും പങ്കെടുപ്പിച്ച് യൂണിറ്റ് സമ്മേളനം നടത്തേണ്ടതാണ്.

 1. യൂണിറ്റ്സമ്മേളനത്തിൽ വെച്ച് പരമാവധി പതിനഞ്ച് (15)അംഗങ്ങളടങ്ങുന്ന യൂണിറ്റ് എക്സിക്യൂട്ടീവിനെ തെരഞ്ഞെടുക്കേണ്ടതാണ്.
 2. ഏരിയസമ്മേളനത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടത് യൂണിറ്റ് സമ്മേളനമാണ്.എന്നാൽ മേഖല കമ്മിറ്റികൾ നിലവിലുള്ള ഏരിയകളിൽ മേഖല സമ്മേളനത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടത് യൂണിറ്റ് സമ്മേളനമാണ്.
 3. വർഷത്തിലൊരിക്കൽ മുഴുവൻ അംഗങ്ങളേയും പങ്കെടുപ്പിച്ച് യൂണിറ്റ് കൺവെൻഷൻ നടത്തേണ്ടതാണ്.

7. കേന്ദ്ര കമ്മിറ്റി

കേന്ദ്ര സമ്മേളനം തെരഞ്ഞെടുത്ത അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ, ജോയിന്റ് ട്രഷറർ എന്നിവരാണ് ഭാരവാഹികൾ. കേന്ദ്ര കമ്മിറ്റിയുടെ നിയന്ത്രണം രക്ഷാധികാരി സമിതിക്ക് ആയിരിക്കും. 


a) പ്രസിഡന്റ്

സംഘടനയുടെ ദൈനംദിന പ്രവർത്തനത്തിന് നേതൃത്വം നൽകുക. കമ്മിറ്റികളിൽ അധ്യക്ഷത വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. ഭൂരിപക്ഷ അഭിപ്രായങ്ങൾ തീരുമാനം ആക്കാനും പ്രാവർത്തികമാക്കാനും ശ്രദ്ധ ചെലുത്തുക.

a 1)   വൈസ്പ്രസിഡന്റുമാർ

ദൈനംദിന പ്രവർത്തനത്തിൽ പ്രസിഡന്റിനെ സഹായിക്കുക.പ്രസിഡന്റിന്റെ അഭാവത്തിലും അസാന്നിധ്യത്തിലും പ്രസിഡന്റിന്റെ എല്ലാ ചുമതലകളും നിർവ്വഹിക്കുക.


b) സെക്രട്ടറി

വേദിയുടെ ദൈനംദിന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക. കമ്മിറ്റി പൊതുയോഗങ്ങൾ വിളിച്ചുകൂട്ടുകയും, പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം കൊടുക്കുകയും ചെയ്യുക. റെക്കോർഡുകൾ, കണക്കുകൾ, റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കുകയും, സൂക്ഷിക്കുകയും ചെയ്യുക.വേദിയുടെ എല്ലാ യോഗ തീരുമാനങ്ങളും നടപ്പിലാക്കാൻ മുൻകൈ എടുത്ത് പ്രവർത്തിക്കുക. വേദിയുടെ ദൈനംദിന വരവുചെലവുകൾ നടത്തുക. മെമ്പർഷിപ്പ് രജിസ്റ്റർ സൂക്ഷിക്കുക. വേദിയുടെ സാമ്പത്തിക കാര്യങ്ങൾ ട്രഷററുമായി കൂടിയാലോചിച്ച് നടപ്പിലാക്കുക എന്നിവയാണ്  സെക്രട്ടറിയുടെ ഉത്തരവാദിത്വം.

b 1) ജോയിന്റ് സെക്രട്ടറിമാർ

1) സെക്രട്ടറിയുടെ അഭാവത്തിലും, അസാന്നിദ്ധ്യത്തിലും സെക്രട്ടറിയുടെ എല്ലാ ചുമതലകളും വഹിക്കുക.

2) ദൈനംദിന പ്രവർത്തനങ്ങളിൽ സെക്രട്ടറിയെ സഹായിക്കുക.


c) ട്രഷറർ

1. വേദിയുടെ    സാമ്പത്തികം സൂക്ഷിക്കുകയും അതിന് കണക്കുകൾ വെക്കുകയും ചെയ്യുക.

2. കമ്മിറ്റി ആവശ്യപ്പെടുന്ന പ്രകാരം സാമ്പത്തികം വിനിയോഗിക്കുക.സാമ്പത്തിക ഇടപാടുകൾക്ക് വേദിയുടെ ഔദ്യോഗിക വൗച്ചറിൽ സെക്രട്ടറിയും പ്രസിഡന്റും സാക്ഷ്യപ്പെടുത്തേണ്ടതാണ്.

3. വരവ് ചെലവ് കണക്കുകൾ എഴുതി സൂക്ഷിക്കുക,കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കുക.

c 1)  ജോയിന്റ് ട്രഷറർ

1)   ട്രഷററുടെ അഭാവത്തിലും, അസാന്നിദ്ധ്യത്തിലും ട്രഷററുടെ എല്ലാ ചുമതലകളും നിർവ്വഹിക്കുക.

2)  ദൈനംദിന പ്രവർത്തനങ്ങളിൽ ട്രഷററെ സഹായിക്കുക.

8. ഏരിയാ കമ്മിറ്റി ഘടന

ഏരിയാസമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ, ജോയിന്റ് ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.


 1. ഭാരവാഹികളുടെ ചുമതലകൾ ഏഴാം ഖണ്ഡികയുടെ ഉപവകുപ്പുകൾക്ക് അനുസരിച്ചായിരിക്കണം.
 2. ഏരിയാകമ്മിറ്റിക്ക് കീഴിൽ എത്ര യൂണിറ്റുകൾ വേണമെന്നും അതാത്‌ കാലയളവിൽ നിലവിലുള്ള കേന്ദ്ര കമ്മിറ്റിയുടെ അനുവാദത്തോടെ ഏരിയ കമ്മിറ്റികൾ തീരുമാനിക്കും.
 3. ഏരിയാകമ്മിറ്റിയുടെ ഉപരിഘടകം കേന്ദ്രകമ്മിറ്റിയായിരിക്കും.

9. മേഖല കമ്മിറ്റി ഘടന

മേഖല സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ, ജോയിന്റ് ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.


 1. ഭാരവാഹികളുടെ ചുമതലകൾ ഏഴാം ഖണ്ഡികയുടെ ഉപവകുപ്പുകൾക്ക് അനുസരിച്ചായിരിക്കണം.
 2. ഒരു മേഖലയിൽ എത്ര യൂണിറ്റുകൾ വേണമെന്നും, ഒരു മേഖലയിൽ കുറഞ്ഞത് അല്ലെങ്കിൽ പരമാവധി എത്ര അംഗങ്ങൾ വേണമെന്നും കേന്ദ്രകമ്മിറ്റിയുടെ അനുവാദത്തോടെ അതാതു കാലയളവിൽ നിലവിലുള്ള ഏരിയകമ്മിറ്റി തീരുമാനിക്കും.
 3. േഖലകമ്മിറ്റിയുടെ ഉപരിഘടകം ഏരിയാകമ്മിറ്റിയായിരിക്കും

10. യൂണിറ്റ് കമ്മിറ്റി ഘടന

യൂണിറ്റ് സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. പ്രസിഡന്റ്, പരമാവധി രണ്ട് വൈസ് പ്രസിഡന്റുമാർ, സെക്രട്ടറി, പരമാവധി രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ, ജോയിന്റ് ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.


 1. ഭാരവാഹികളുടെ ചുമതലകൾ ഏഴാം ഖണ്ഡികയുടെ ഉപവകുപ്പുകൾക്ക് അനുസരിച്ചായിരിക്കണം.
 2. ഒരു യൂണിറ്റിൽ ചുരുങ്ങിയത് പതിനഞ്ച് (15) അംഗങ്ങൾ ഉണ്ടായിരിക്കണം
 3. മേഖല കമ്മിറ്റികൾ നിലവിലുള്ള പ്രദേശങ്ങളിൽ യൂണിറ്റ് കമ്മിറ്റിയുടെ ഉപരിഘടകം മേഖലകമ്മിറ്റിയായിരിക്കും.മേഖല കമ്മിറ്റികൾ നിലവിലില്ലാത്ത പ്രദേശങ്ങളിൽ യൂണിറ്റ് കമ്മിറ്റിയുടെ ഉപരിഘടകം ഏരിയ കമ്മിറ്റി ആയിരിക്കും.മേഖല കമ്മിറ്റിയും ഏരിയ കമ്മിറ്റിയും നിലവിലില്ലാത്ത പ്രദേശങ്ങളിൽ ഉപരിഘടകം കേന്ദ്രകമ്മിറ്റിയായിരിക്കും.

11. സബ് കമ്മിറ്റികള്‍

a) വേദിക്ക് ജീവകാരുണ്യം, കലാസാംസ്കാരികം, കായികം, നവമാധ്യമം, മാധ്യമം എന്നിങ്ങനെ അഞ്ച് സബ് കമ്മിറ്റികൾ ഉണ്ടായിരിക്കും.

b) സബ് കമ്മിറ്റി അംഗങ്ങളും, കൺവീനറും, ചെയർമാനും, കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്ന കേളി അംഗങ്ങളായിരിക്കും.

c) സബ് കമ്മിറ്റി നിർബന്ധമായും രണ്ട്‌ മാസത്തിലൊരിക്കൽ യോഗം ചേരേണ്ടതാണ്.

d) സബ് കമ്മിറ്റികൾ സാമ്പത്തിക കണക്കുകൾ രണ്ട് മാസത്തിലൊരിക്കൽ കേന്ദ്രകമ്മിറ്റി ട്രഷററെ ഏൽപ്പിക്കേണ്ടതാണ്.

1)  ജീവകാരുണ്യം

ചെയർമാനും കൺവീനറും ഉൾപ്പെടുന്ന ഒരു കമ്മിറ്റി ആയിരിക്കും. കമ്മിറ്റിയുടെ അംഗസംഖ്യ  കേന്ദ്രകമ്മിറ്റി തീരുമാനിക്കും. പ്രവാസികൾക്കിടയിലുള്ള  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, കഷ്ടതയനുഭവിക്കുന്ന  പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പഠിക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്നിവയാണ് ഈ കമ്മിറ്റിയുടെ പ്രവർത്തനം.

2)  കലാസാംസ്കാരികം

ചെയർമാനും കൺവീനറും ഉൾപ്പെടുന്ന ഒരു കമ്മിറ്റി ആയിരിക്കും. കമ്മിറ്റിയുടെ അംഗസംഖ്യ കേന്ദ്രകമ്മിറ്റി തീരുമാനിക്കും. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, പ്രവാസികൾക്കിടയിൽ  രാഷ്ട്രീയ  സാമൂഹ്യ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി സെമിനാറുകൾ, സിമ്പോസിയങ്ങൾ, സംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുക, ലൈബ്രറി പ്രവർത്തനങ്ങൾ നടത്തുക, സുവനീർ, ചിത്ര പ്രദർശനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുക.

3)  കായികം

ചെയർമാനും കൺവീനറും ഉൾപ്പെടുന്ന ഒരു കമ്മിറ്റി ആയിരിക്കും. കമ്മിറ്റിയുടെ അംഗസംഖ്യ കേന്ദ്രകമ്മിറ്റി തീരുമാനിക്കും. പ്രവാസികളുടെ കായികപരമായ കഴിവുകളെ പരിപോഷിപ്പിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുക.കായിക മൽസരങ്ങൾ സംഘടിപ്പിക്കുക.

4)  നവമാധ്യമം

ചെയർമാനും കൺവീനറും ഉൾപ്പെടുന്ന ഒരു കമ്മിറ്റി ആയിരിക്കും. കമ്മിറ്റിയുടെ അംഗസംഖ്യ കേന്ദ്രകമ്മിറ്റി തീരുമാനിക്കും. നവമാധ്യമ മേഖലയിൽ കേളിക്കും, നാട്ടിലെ പുരോഗമന പ്രസ്ഥാനത്തിനും വിധേയമായി പ്രവർത്തിക്കുക.കേളി അംഗങ്ങൾക്കും, സാധാരണ ജനവിഭാഗത്തിനും ആശയ വ്യക്തതക്ക് സഹായകരമാകുന്ന വിധം ഇടപെടുക.

5) മാധ്യമം

ചെയർമാനും കൺവീനറും ഉൾപ്പെടുന്ന ഒരു കമ്മിറ്റി ആയിരിക്കും. കമ്മിറ്റിയുടെ അംഗസംഖ്യ കേന്ദ്രകമ്മിറ്റി തീരുമാനിക്കും. കേളിയുടെ പ്രചരണയോഗ്യമായ എല്ലാ പരിപാടികളും, പ്രവർത്തനങ്ങളും ദൃശ്യ അച്ചടി മാധ്യമങ്ങൾക്കും, കേളി സൈബർ വിംഗിനും തയ്യാറാക്കി നൽകുക. ആവശ്യമായ പ്രതിഷേധം, അനുശോചനം, അനുമോദനം എന്നിവ വാർത്താകുറിപ്പാക്കി  തയ്യാറാക്കി പ്രസിദ്ധീകരണത്തിന് നൽകുക.

6)

മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ ഏരിയാകമ്മിറ്റികൾക്ക് കീഴിലും സബ് കമ്മിറ്റി കൾ രൂപീകരിച്ച്‌ പ്രവർത്തിക്കേണ്ടതാണ്. ഈ സബ് കമ്മിറ്റി കളുടെ പൂർണ്ണ നിയന്ത്രണം അതാത് ഏരിയ കമ്മിറ്റികൾക്കായിരിക്കും.

12. ഭരണഘടനാ ഭേദഗതി

നിലവിലുള്ള ഭരണഘടനയിൽ നിന്നും  എന്തെങ്കിലും ഒഴിവാക്കുന്നതിനോ, കൂട്ടി ചേർക്കുന്നതിനോ വേദിയുടെ കേന്ദ്ര സമ്മേളനത്തിന്റെ ഭൂരിപക്ഷത്തിന്  മാത്രമേ അധികാരമുണ്ടായിരിക്കുകയുള്ളൂ.

13. തെരഞ്ഞെടുപ്പ്

a) കേന്ദ്ര കമ്മിറ്റി, ഏരിയ കമ്മിറ്റി, മേഖല കമ്മിറ്റി, യൂണിറ്റ് കമ്മിറ്റി എന്നിവയിലേക്ക് നിശ്ചിത എണ്ണത്തിൽ കൂടുതൽ പേർ രംഗത്തു വരികയാണെങ്കിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. ഇത്തരത്തിൽ തെരഞ്ഞെടുപ്പിന്റെ ആവശ്യകത വരികയാണെങ്കിൽ, കേളിയുടെ നിലവിലുള്ള കേന്ദ്ര കമ്മിറ്റി, ഏരിയ കമ്മിറ്റി, മേഖല കമ്മിറ്റി, യൂണിറ്റ് കമ്മിറ്റി എന്നിവയുടെ അതാത്‌ സമ്മേളനത്തിൽ നിന്നും ഒരു വരണാധികാരിയെ നിയമിക്കേണ്ടതാണ്. പിന്നീട് വരുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വരണാധികാരിയുടെ നിയന്ത്രണത്തിലായിരിക്കും.

b) സമ്മേളനം തെരഞ്ഞെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോൾ, ഒരു സ്ഥാനത്തേക്ക് ഒന്നിലധികം പേർ രംഗത്തുവരികയാണെങ്കിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. തെരഞ്ഞെടുപ്പ് ക്രമം കമ്മിറ്റി തെരഞ്ഞെടുപ്പിന്റെ രീതിയിൽ തന്നെ ആയിരിക്കും.

14. സാമ്പത്തികം

a) ധനാഗമനം:

മെമ്പർഷിപ്പ്, വരിസംഖ്യ, സംഭാവനകൾ, സ്പോൺസർഷിപ്പുകൾ എന്നിവ വഴി പണം സ്വരൂപിക്കാവുന്നതാണ്.

a 1)  അത്യാവശ്യ  ഘട്ടത്തിൽ കേന്ദ്രകമ്മിറ്റിക്ക് പ്രവർത്തന ഫണ്ട് സ്വരൂപിക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്ക് ഉണ്ടായിരിക്കും.

 

b) ധനവിനിയോഗം:

വേദിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും, കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമുള്ള ചിലവുകൾക്കും മാത്രമെ കേന്ദ്ര ഫണ്ട് വിനിയോഗിക്കാവൂ.

b. 1)  വരിസംഖ്യ അൻപത് റിയാലിൽ ഇരുപത് റിയാൽ യൂണിറ്റ് കമ്മിറ്റിക്കും, പത്ത് റിയാൽ ഏരിയാകമ്മിറ്റിക്കും, ഇരുപത് റിയാൽ കേന്ദ്രകമ്മിറ്റിക്കുമായിരിക്കും. എന്നാൽ മേഖല കമ്മിറ്റികൾ നിലവിലുള്ള പ്രദേശങ്ങളിൽ വരിസംഖ്യ അൻപത് റിയാലിൽ പതിനഞ്ച് റിയാൽ യൂണിറ്റ് കമ്മിറ്റിക്കും പത്ത് റിയാൽ ഏരിയ കമ്മിറ്റിക്കും, പത്ത് റിയാൽ മേഖല കമ്മിറ്റിക്കും, പതിനഞ്ച് റിയാൽ കേന്ദ്രകമ്മിറ്റിക്കുമായിരിക്കും.

b 2)  എല്ലാ വർഷവും കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്ന രണ്ട് ആഡിറ്റർമാർ വേദിയുടെ കണക്കുകൾ പരിശോധിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.

c) മരണപ്പെടുന്ന കേളി അംഗങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള കുടുംബ സഹായ കരുതൽ ഫണ്ട്, കേളി വിശ്രമ വേതനം എന്നിവയുടെ സ്വരൂപണവും, വിതരണവും കേന്ദ്രകമ്മിറ്റിക്ക് തീരുമാനിക്കാവുന്നതാണ്.

d) കേളിയുടെ ഫണ്ട് (കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്ന സംഖ്യ കിഴിച്ച് ബാക്കിയുള്ളത്) കേളി രക്ഷാധികാരി സമിതിയുടെ നിയന്ത്രണത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേളി കലാസാംസ്കാരിക വേദി ചാരിറ്റബിൾ സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്.

15.

ഏതെങ്കിലും കാരണവശാൽ വേദിയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നാൽ വേദിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ കേരളത്തിലെ ഒരു പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന് നൽകേണ്ടതാണ്. പുരോഗമന ജനാധിപത്യ പ്രസ്ഥാനം ഏതാണെന്ന് രക്ഷാധികാരി സമിതി തീരുമാനിക്കുന്നതാണ്.

ഭരണഘടന  ഭേദഗതി ചെയ്‌ത സമ്മേളനങ്ങൾ

1. മൂന്നാം കേന്ദ്ര സമ്മേളനം (04-12-2003)

2. അഞ്ചാം കേന്ദ്ര സമ്മേളനം (22-02-2008)

3. ആറാം കേന്ദ്ര സമ്മേളനം (11, 12-03-2010)

4. ഏഴാം കേന്ദ്ര സമ്മേളനം (17, 18-05-2012)

5. എട്ടാം കേന്ദ്ര സമ്മേളനം (14, 15-05-2015)

6. ഒൻപതാം കേന്ദ്ര സമ്മേളനം (10, 11-08-2017)

7. പത്താം കേന്ദ്ര സമ്മേളനം (29, 30-08-2019)