റിയാദ്: റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ലോക കേരള സഭ വിശദീകരണ യോഗം സംഘടിപ്പിച്ചു. ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്റെ വികസനത്തിനുമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലോക കേരള സഭയ്ക്ക് രൂപം നല്‍കിയത്. സഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13 തീയതികളിലായി കേരള നിയമസഭാ മന്ദിരത്തില്‍ വെച്ചു നടന്നിരുന്നു.
ബത്ത പാരഗണ്‍ ഓഡിറ്റോറിയത്തില്‍ കേളി ജോ:സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച വിശദീകരണ യോഗത്തില്‍ കേളി വൈ:പ്രസിഡണ്ട് മെഹറുഫ് പൊന്ന്യം അധ്യക്ഷത വഹിച്ചു, കേളി മുഖ്യ രക്ഷാധികാരി കെ.ആര് ഉണ്ണികൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ ആദ്യമായി പ്രവാസികാര്യ വകുപ്പ് ആരംഭിച്ചത് 1996ല്‍ ഇ കെ നായനാര്‍സര്‍ക്കാര്‍ ആയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം പ്രവാസികളെ മനുഷ്യരായി കാണുന്ന ഇടതുപക്ഷ സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്മെന്റിനുപോലും അനുകരിക്കാന്‍ കഴിയുന്ന നിരവധി മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും, അത്തരത്തിലുള്ള ഒരു സംരഭമാണ് ലോക കേരള സഭയെന്നും കെ.ആര് ഉണ്ണി കൃഷ്ണന് അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് ലോക കേരള സഭ പ്രതിനിധിയും കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗവുമായ കെ.പി എം സാദിക്ക് ലോക കേരളസഭയുടെ ഘടന, ലക്ഷ്യങ്ങള്‍, പ്രാധാന്യം എന്നിവയോടൊപ്പം രണ്ടു ദിവസത്തെ സഭയുടെ സമ്മേളന നടപടികളെക്കുറിച്ചും, സഭയുമായി ബന്ധപ്പെട്ട നടന്ന ഓപ്പണ്ഫോറങ്ങളെ കുറിച്ചും വിശദീകരിച്ചു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് തങ്ങളുടെ വൈജ്ഞാനീക ശേഷിയും അനുഭവസമ്പത്തും പങ്കുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാവുന്ന ഒരു പൊതുവേദിയായിരുന്നു ലോക കേരള സഭ. ഇതിനു മുന്നേ ഇത്തരത്തിലുള്ള ഒരു സംവിധാനം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും സാങ്കേതികവിദ്യ, അടിസ്ഥാന സൌകര്യ വികസനം, ധനകാര്യം, കൃഷി, ആരോഗ്യ സംരക്ഷണം, എന്നിങ്ങനെ വിവിധ മേഖലകളല്‍ പ്രശംസനീയമായ നേട്ടങ്ങള്‍ കൈവരിച്ചവരെ കണ്ടെത്തുകയും അവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സൌകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന വികസനോന്മുഖ പരിതസ്ഥിതി സംസ്ഥാനത്ത് വളര്‍ത്തിയെടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആരംഭിച്ച KDISC (Kerala Development and innovation Strategic Council) എന്ന സംരംഭത്തെക്കുറിച്ചും കെ.പി.എം.സാദിക്ക് വിശദീകരിച്ചു.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ശ്രോതാക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ സ്വാഗതവും കേളി ജോ:ട്രഷറര്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. കേളിയുടെ വിവിധ ഏരിയകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പൊതുജനങ്ങളും അടക്കം നിരവധിപേര്‍ യോഗത്തില്‍ പങ്കെടുത്തു.