ഇ എം രാധയുടെ നിര്യാണത്തിൽ കേളി അനുശോചിച്ചു

റിയാദ് : മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി.
എഴുത്തിലൂടെയും സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇ എം രാധയുടെ വിയോഗം കേരളത്തിന്റെ സാംസ്കാരിക, സാമൂഹ്യ മേഖലകൾക്ക് വലിയ നഷ്ടമാണ്. വനിതാ കമീഷൻ അംഗം, വയോജന കമീഷൻ അംഗം എന്നീ നിലകളിൽ സ്ത്രീകളുടെയും വയോജനങ്ങളുടെയും പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. ദേശാഭിമാനിയുടെ ഭരണനിർവഹണ വിഭാഗത്തിൽ ദീർഘകാലം പ്രവർത്തിച്ച അവരുടെ സേവനവും വിലപ്പെട്ടതാണെന്ന് കേളി സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.
ഇ എം എസിന്റെ ആശയങ്ങളും ജീവിതാനുഭവങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ അവരുടെ എഴുത്തുകൾ വലിയ പങ്കുവഹിച്ചു. പുരോഗമന പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ–സാംസ്കാരിക രംഗത്തിനും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു അവർ.
