കേളി ജീവകാരുണ്യ കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, സുധീർ എന്നിവർ സലീം അക്തറിന് എക്സിറ്റ് രേഖകൾ കൈമാറുന്നു.
റിയാദ് : കേളിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിനെത്തുടർന്ന് പൊള്ളലേറ്റ യു പി സ്വദേശിയിയെ നാട്ടിലെത്തിച്ചു. ന്യൂസനയ്യയിലെ ഒരു സ്വകാര്യ കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായ സലീം അക്തറിന് ജോലിക്കിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് സാരമായി പൊള്ളലേൽക്കുകയും ഉടനെ തന്നെ കമ്പനി സുമേഷിയിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ഒരു വർഷത്തോളമായി ഇക്കാമ പുതുക്കാത്തതിനാൽ പ്രാഥമിക ചികിത്സ മാത്രമേ ആശുപത്രിയിൽ നിന്നും ലഭ്യമായുള്ളൂ. തുടർചികിത്സക്കായി നാട്ടിൽ പോകുന്നതിനു വേണ്ടി സലീമിന്റെ സുഹൃത്തുക്കൾ കേളിയുടെ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും, എമ്പസിയിൽ വിവരമറിയിക്കുകയും ചെയ്തു.
ഇക്കാമ ഹുറൂബ് ആയതിനാൽ എമ്പസ്സി അധികൃതരുടെ സഹായത്തോടെ എക്സിറ്റ് വിസയും മറ്റു യാത്രാരേഖകളും തരപ്പെടുത്തി നൽകി. കേളി പ്രവർത്തകർ ബന്ധപ്പെട്ട് നാട്ടിൽ പോകുന്നതുവരെയുള്ള ചികിത്സാ സൗകര്യവും ഏർപ്പെടുത്തി. എക്സിറ്റ് രേഖകൾ ശരിയാക്കിയതിനെ തുടർന്ന് യാത്രാടിക്കറ്റ് കമ്പനി തന്നെ നൽകുകയായിരുന്നു. ആപത്ഘട്ടത്തിൽ സഹായിച്ച കേളി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസത്തെ എയർ ഇന്ത്യ വിമാനത്തിൽ വീൽചെയർ ടിക്കറ്റ് സൗകര്യത്തോടെ സലീം അക്തർ നാട്ടിലേക്ക് തിരിച്ചു.