റിയാദ് : വർഗ്ഗീയതയെ, വർഗ്ഗീയമായി ചേരി തിരിഞ്ഞല്ല നേരിടേണ്ടതെന്നും വർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണെന്നും സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎൽഎ പറഞ്ഞു. കേളി കലാസാംസ്കാരിക വേദി പത്തൊൻപതാം വാർഷികാഘോഷത്തിന്റെ സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഗള്ഫിലെ മോഡേൺ മിഡിൽ ഈസ്ററ് ഇന്റർനാഷണൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ഉത്ഘാടന ചടങ്ങിൽ ഇന്ത്യയിലെ ആനുകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് ഒന്നര മണിക്കൂറിലധികം നീണ്ടു നിന്ന പ്രസംഗം സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന റിയാദിലെ പ്രവാസി സമൂഹത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചിരുത്തുന്നതായിരുന്നു.
'കേളിദിനം 2020' ന്റെ സാംസ്കാരിക സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉത്ഘാടനം ചെയ്യുന്നു.
ഭരിക്കുന്നവരുടെ ജാതിയോ മതമോ ഏതെങ്കിലും തരത്തിലുള്ള സംഘർഷത്തിലേക്കോ സ്പർദ്ധയിലേക്കോ നയിച്ചതായി ഇന്ത്യാ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. മതവും വിശ്വാസവുമൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങളായാണ് ഇന്ത്യൻ സമൂഹം കണ്ടിട്ടുള്ളത്. ബിജെപി ഇന്ത്യയിലെ ഹിന്ദുക്കളുടെ രാഷ്ട്രീയ പാർട്ടിയാണെന്ന് ചിലർക്ക് തെറ്റിദ്ധാരണയുണ്ട്. വർഗ്ഗീയവാദികളായ ഒരു ചെറു വിഭാഗം ഹിന്ദുക്കളുടെ വർഗ്ഗീയ പാർട്ടി മാത്രമാണതെന്നും അത് ഇന്ത്യയിലെ മതവിശ്വാസികളായ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിലെ സംഘർഷം കൊണ്ട് ഭരണ പരാജയം മറയ്ക്കാൻ കഴിവുകെട്ട ഭരണാധികാരികൾ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപുണ്ടായ പുൽവാമയിലെ സ്ഫോടനത്തിന്റെ കാരണം ഇതായിരിക്കാമെന്ന് കാലം തെളിയിക്കും. അയൽ രാജ്യങ്ങളോടുള്ള ശത്രുത ഊതി പെരുപ്പിച്ച് അങ്ങിനെ കൃത്രിമമായ രാജ്യസ്നേഹം സൃഷ്ടിച്ച് അതിന്റെ ചെലവിൽ ഭരണപരാജയങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള കുടിലതന്ത്രമാണ് കേന്ദ്ര സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്.
ഒരു വർഗ്ഗീയതയെ മറ്റൊരു വർഗ്ഗീയത കൊണ്ട് നമുക്ക് തോൽപ്പിക്കാനാവില്ല. രാഷ്ട്രീയ അധികാരം പിടിച്ചു പറ്റാൻ വിശ്വാസത്തെ കൂട്ടുപിടിക്കുക എന്നതാണ് വർഗ്ഗീയതയുടെ തന്ത്രം. ഏത് വിശ്വാസത്തെ ആരുപയോഗിച്ചാലും അത് വർഗ്ഗീയതയാണ്. ഇന്ത്യയിലെ തെരുവുകളിൽ വളർന്നു കൊണ്ടിരിക്കുന്ന സമരം മതനിരപേക്ഷമായാണ് സംഘടിപ്പിക്കപ്പെടേണ്ടത് എന്നാണ് സിപിഎം അഭിപ്രായം. അതാണ് സി പി ഐ എം ചെയ്തുകൊണ്ടിരിക്കുന്നതും. പൗരത്വ നിയമത്തിനെതിരായ സമരത്തിലും വർഗ്ഗീയമായി ധ്രുവീകരണം നടത്തി അതിൽ നിന്ന് മുതലെടുക്കാൻ ശ്രമിക്കുന്നവർ കേരളത്തിലുമുണ്ട്. അത് മതനിരപേക്ഷ പ്രതിഷേധങ്ങളെ ദുർബ്ബലപ്പെടുത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേളിദിനം 2020 ന്റെ സാംസ്കാരിക സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സുനിൽ സുകുമാരൻ ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സജീവൻ ചൊവ്വ, കേളിദിനം 2020ന്റെ മുഖ്യ പ്രായോജകരായ ഫ്യൂച്ചർ എഡ്യൂക്കേഷൻ പ്രതിനിധി റിയാസ്, ടോണി (ജോയ് ആലുക്കാസ്), ജമാൽ ഫൈസൽ ഖ്ഹത്താനി (ജോസ്കോ പൈപ്പ്), ശ്രീമതി എം ഷാഹിദ (മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ), മണി വി പിള്ള (മണി ബ്രദേഴ്സ്), കാസിം (സഫാമക്ക), രമേശ് കൊറ്റി (ശരവണ ഭവൻ), അറബ്കോ എം ഡി രാമചന്ദ്രൻ, നാജിദ് ടെലികോം പർച്ചയ്സ് മാനേജർ ഷരീഫ്, പാരാഗൺ ഗ്രൂപ്പ് എം ഡി ബഷീർ മുസ്ല്യാരകത്ത്, പ്രസാദ് (അൽ മാതേഷ്), സിദ്ദിഖ് (അൽ കോബ്ലാൻ), നൗഷാദ് കോർമത്ത് (ചില്ല കോഡിനേറ്റർ), കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, എൻ ആർ കെ ചെയർമാൻ അഷ്റഫ് വടക്കെവിള, ഒഐസിസി ട്രഷറർ നവാസ് വെള്ളിമാട്കുന്ന് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കൺവീനർ സുരേഷ് കണ്ണപുരം ചടങ്ങിന് നന്ദി പറഞ്ഞു.