ജീവകാരുണ്യ വിഭാഗം കൺവീനർ സുധാകരൻ തുളസീധരന് യാത്രാ രേഖകൾ കൈമാറുന്നു
റിയാദ് : അസുഖ ബാധിതനായി ശസ്ത്രക്രിയക്ക് വിധേയനായ തിരുവനന്തപുരം വെമ്പായം സ്വദേശി തുളസീധരനെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. കഴിഞ്ഞ പതിനാലു വർഷമായി റിയാദിൽ ടൈൽസ് ജോലി ചയ്തു വരുന്ന തുളസീധരൻ വയറു വേദനയെ തുടർന്ന് കഴിഞ്ഞ മാസം റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുകയായിരുന്നു. വേദന കഠിനമായതിനെ തുടർന്ന് ബന്ധുവായ സുനിലിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ തുളസീധരനെ ഷുമൈസിയിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഡോക്ടർ അടിയന്തിര ശസ്ത്രക്രിയക്ക് നിർദ്ദേശിക്കുകയും അന്നുതന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ഏഴു ദിവസം കഴിഞ്ഞ് ഡിസ്ചാർജ്ജ് ആവുകയും ചെയ്തു.
തുടർ ചികിത്സക്ക് വഴിയില്ലാതെ ബത്തയിലെ റൂമിൽ കഴിയുന്ന തുളസീധരന്റെ അവസ്ഥ നാട്ടിൽ നിന്നുമാണ് കേളിയെ അറിയിക്കുന്നത്. തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മിറ്റി അംഗം സെൻ ആന്റണിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകർ തുളസീധരനെ സന്ദർശിക്കുകയും, ഇക്കാമയുടെ കാലാവധി മൂന്നു മാസമായി അവസാനിച്ചിട്ടെന്നും, പാസ്പോർട്ട് സ്‌പോൺസറുടെ കൈവശമാണെന്നുമുള്ള വിവരങ്ങളാണ് അറിയാൻ കഴിഞ്ഞത്. വിഷയം ഏറ്റെടുത്ത കേളി ജീവകാരുണ്യ വിഭാഗം, ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും, വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തുളസീധരനെ പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കുവാനുള്ള നടപടികൾ എംബസി സ്വീകരിക്കുകയും ചെയ്തു.
ലേബർ അറ്റാഷെ ശ്യാം സുന്ദർ, ഔട്ട്‌പാസ്സും തർഹീലിൽ നിന്ന് എക്സിറ്റ് അടിക്കാനുള്ള രേഖകളും നൽകി. തുടർന്ന് കേളി പ്രവത്തകർ തർഹീലിൽ പോയി എക്സിറ്റ് അടിച്ചു നാട്ടിലേക്കു പോകാനുള്ള അവസരം ഒരുക്കുകയും ചെയ്തു. വിഷമഘട്ടത്തിൽ തന്നെ സഹായിച്ച കേളിയെയും കേളി പ്രവർത്തകരെയും, വിഷയത്തിൽ ആത്മാർത്ഥതയോടെ പ്രവർത്തിച്ച എംബസി ഉദ്യോഗസ്ഥരെയും നന്ദി അറിയിച്ച് കഴിഞ്ഞ ദിവസത്തെ എയർ ഇന്ത്യ വിമാനത്തിൽ തുളസീധരൻ നാട്ടിലേക്ക് തിരിച്ചു.