കോവിഡ്-19 : ലോക്ക്ഡൗണില്‍ ആവശ്യക്കാര്‍ക്ക് സഹായമെത്തിച്ച് കേളി ഹെല്പ്പ് ഡെസ്ക്ക്

റിയാദ്: മഹാമാരിയായ കോവിഡ്-19 ന്‍റെ പ്രതിരോധാര്‍ത്ഥം സൗദി സര്‍ക്കാര്‍ കൈക്കൊണ്ട സമ്പൂര്‍ണ്ണ അടച്ചിടലിനെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന റിയാദിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികളുടെ സഹായത്തിനായി ആരംഭിച്ച കേളി ഹെല്പ്പ് ഡെസ്ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്നതായി കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു.

പലവിധ ആവശ്യങ്ങള്‍ക്കായി നിരവധി ഫോണ്‍ കോളുകളാണ് വിവിധ മേഖലകളില്‍ നിന്ന് ഹെല്പ് ഡെസ്ക്കില്‍ വന്നുകൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ്ണ അടച്ചിടലിനെ തുടര്‍ന്ന് ഒട്ടുമിക്ക വ്യവസായ കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാത്തതുമൂലം നിരവധി തൊഴിലാളികളാണ് ജോലിയും ശമ്പളവുമില്ലാതെ ലേബര്‍ ക്യാമ്പുകളിലും വീടുകളിലുമായി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ കഴിയുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളും പലവിധത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കൂടാതെ അടച്ചുപൂട്ടല്‍ മൂലം സന്ദര്‍ശക വിസയില്‍ എത്തിയ പലരും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
ഹെല്പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ഇവരുടെയൊക്കെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇടപെടാനും വിവിധ മേഖലകളില്‍ ആവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നുകളും എത്തിക്കാനും, അടിയന്തിര സഹായം ആവശ്യമായി വന്ന രോഗികളെ ആശുപത്രികളുടെ സഹായത്തോടെ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി ആശുപത്രികളിലെത്തിക്കാനും മറ്റുള്ള പ്രശ്നങ്ങള്‍ക്ക് അധികൃതരുടെ സഹായത്തോടെ സാധ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനും കേളി ഹെല്പ്പ് ഡെസ്ക്കിനു കഴിയുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനു് എംബസ്സിയുടെ ഭാഗത്തുനിന്നുള്ള കര്‍ശന ഇടപെടലുകളാണ് വേണ്ടതെന്നും കര്‍ഫ്യുപാസ്സുകളും വാഹന പാസ്സുകളും ലഭിക്കുന്നതിലുള്ള പ്രയാസം നിലിനില്‍ക്കുന്നതിനാല്‍ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും സമയബന്ധിതമായി സഹായങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്നും എങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യമായ സഹായങ്ങള്‍ കേളി ഹെല്‍പ്പ് ഡെസ്ക് മുഖേന ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .