എൽഡിഎഫ് പ്രകടന പത്രിക – നവകേരള സൃഷ്ടിക്കായി മറ്റൊരു ചുവടു കൂടി : റിയാദ് കേളി

എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രിക കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതോടൊപ്പം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ സന്തോഷകരമാക്കാനുതകുമെന്ന് കേളി കലാസാംസ്കാരിക വേദി.
റിയാദ് : എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രിക കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതോടൊപ്പം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ സന്തോഷകരമാക്കാനുതകുമെന്ന് കേളി കലാസാംസ്കാരിക വേദി.

പ്രകടന പത്രികകൾ തെരഞ്ഞെടുപ്പിന് മുൻപ് മോഹനവാഗ്ദാനങ്ങൾ നൽകി വോട്ടുതട്ടിയെടുക്കാനുള്ള ഉപാധിയല്ലെന്നും എന്നാൽ തങ്ങൾ ഭരണത്തിലേറിയാൽ നടപ്പിലാക്കാനുള്ള പദ്ധതികളുടെ രൂപരേഖയാണെന്ന് കഴിഞ്ഞ അഞ്ചു വർഷത്തെ എൽഡിഎഫിന്റെ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് മനസ്സിലായിരിക്കുകയാണ്. അതുകൊണ്ട് തന്നെ പിണറായി സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണത്തെ വിലയിരുത്തിയും, പുതിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ വിലയിരുത്തിയും എൽഡിഎഫിനെ ജനങ്ങൾ വീണ്ടും ഭരണത്തിലേറ്റുമെന്ന് കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ക്ഷേമ പെൻഷനുകൾ 2500 രൂപ, വീട്ടമ്മമാർക്ക് പെൻഷൻ, 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പൊതുമേഖലയോടുള്ള കരുതൽ, 15000 സ്റ്റാർട്ടപ്പുകൾ, പ്രവാസി പുനരധിവാസം, ദാരിദ്ര്യ നിർമ്മാർജ്ജനം, കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കൽ എന്നിവ പ്രകടന പത്രികയിലുള്ള വാഗ്ദാനങ്ങളിൽ ചിലത് മാത്രമാണ്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷയും സമാധാനവും ക്ഷേമവും ഉറപ്പുവരുത്തുന്നതോടൊപ്പം കേരളത്തിന്റെ അടുത്ത ഇരുപത് വർഷം എങ്ങിനെ ആയിരിക്കും എന്നും പ്രകടന പത്രിക വിഭാവനം ചെയ്യുന്നു. കേരളത്തിന്റെ സർവ്വതോന്മുഖമായ വികസനം മുന്നിൽ കണ്ട് കേരളത്തിലെ മുഴുവൻ ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തയ്യാറാക്കിയ പ്രകടന പത്രിക സ്വാഗതം ചെയ്യുന്നതായി കേളി പ്രസ്താവനയിൽ പറഞ്ഞു.

Spread the word. Share this post!

About the Author