വാക്സിൻ ചലഞ്ച് – മൂന്നാം ഘട്ടത്തിൽ മൂവായിരത്തിലധികം ഡോസ് വാഗ്ദാനവുമായി റിയാദ് കേളി

റിയാദ് : കോവിഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദി മൂന്നാം ഘട്ടം മൂവായിരത്തിലധികം ഡോസ് വാക്സിൻ കൂടി നൽകുവാൻ തീരുമാനിച്ചു. കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ പ്രവാസികൾക്കാവും വിധം സഹായിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കോവിഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി വാക്സിനുകൾക്കുള്ള തുക കേരള സർക്കാറിനെ ഏൽപ്പിക്കാൻ കേളി തുടക്കമിട്ടത്. വൻകോർപ്പറേറ്റുകളേയും മരുന്ന് കമ്പനികളേയും സഹായിക്കാൻ കോവിഡ് വാക്സിന്റെ വിതരണത്തിൽ കേന്ദ്രസർക്കാർ കൈക്കൊണ്ട തെറ്റായ നയം സംസ്ഥാന സർക്കാരുകൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. അതിനെ മറികടക്കാൻ കേരളജനതയോടൊപ്പം പ്രവാസികളും ഒറ്റക്കെട്ടായി ഉണ്ടെന്നറിയിക്കാനാണ് കേളിയുടെ നേതൃത്വത്തിൽ വാക്സിൻ ചലഞ്ചിൽ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. കേളി അംഗങ്ങളിൽ നിന്നും മറ്റു സമാന മനസ്കരായ പ്രവാസികളിൽ നിന്നുമാണ് വാക്സിൻ ചലഞ്ചിലേക്ക് കേളി തുക സമാഹരിക്കുന്നത്.

2021 ഏപ്രിൽ 22 മുതൽ 30 വരെ ഒന്നാം ഘട്ടമായി 1131 ഡോസ് വാക്സിനും മെയ് 2 മുതൽ 28 വരെയുള്ള രണ്ടാം ഘട്ടത്തിൽ 2101 ഡോസ് വാക്സിന് തത്തുല്യമായ തുകയുമാണ് കേളി സംഭാവന ചെയ്തത്. ജൂൺ 1 മുതൽ 18 വരെയുള്ള തീയ്യതികളിൽ മൂവായിരത്തിലധികം ഡോസ് വാക്സിൻ ലക്ഷ്യമിട്ട് ‘കോവിഡ് വാക്സിൻ 3000+’ എന്ന ക്യാമ്പയിൻ ആണ് കേളി നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

ഒന്നാം ഘട്ടവും, രണ്ടാം ഘട്ടവും പരിപൂർണ്ണമായും വിജയിപ്പിക്കാൻ സഹകരിച്ച പ്രവാസികൾ കേളിയുടെ മൂന്നാംഘട്ട വാക്സിൻ ചലഞ്ചും വന്പിച്ച വിജയമാക്കുമെന്ന് കേളി സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ പ്രത്യാശ പ്രകടിപ്പിച്ചു.

Spread the word. Share this post!

About the Author