സ്ത്രീധന പീഡന മരണങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കരുത് : കേളി കുടുംബവേദി

സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന മരണങ്ങൾ ആവർത്തിക്കപ്പെടുന്നത് പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തിന് അപമാനകാരമാണെന്നും അത് ആവർത്തിക്കുന്നത് തടയാൻ സർക്കാരും ഉത്തരവാദപ്പെട്ടവരും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേളി കലാസാംസ്‌കാരിക വേദിയുടെ കുടുംബ കൂട്ടായ്മയായ കേളി കുടുംബവേദി ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചു നാളുകളായി സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും അക്ഷരാർത്ഥത്തിൽ നമ്മളെയെല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും അതിന്റെ പേരിൽ പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ടെങ്കിൽ, ഇതൊരു സാമൂഹിക വിപത്താണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാൻ ഓരോരുത്തരും മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണ്.

പെണ്ണെന്നത് വിവാഹ കമ്പോളത്തിലെ വിൽപ്പനയ്ക്ക് വെച്ച വസ്തുവല്ലെന്ന്‌ തിരിച്ചറിയേണ്ടത് മാതാപിതാക്കളും പെൺകുട്ടികളും തന്നെയാണ്. ചെറുപ്പം മുതൽ തന്നെ കുട്ടികളിൽ, അത് ആണായാലും പെണ്ണായാലും സ്വന്തം കാലിൽ നിൽക്കാനും അനീതികാണുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാനുമുള്ള കഴിവ് വളർത്തിയെടുക്കേണ്ട വിധത്തിൽ നമ്മുടെ ഗൃഹാന്തരീക്ഷം മാറേണ്ടതുണ്ട്. വീട്ടകങ്ങൾ അതിനുള്ള ചർച്ചാവേദിയായി മാറ്റണം. പെൺകുട്ടികൾക്ക് പഠിച്ചു സ്വന്തമായി ജോലി സമ്പാദിക്കാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള കരുത്തു നൽകേണ്ടത് മാതാപിതാക്കളും സമൂഹവുമാണ് .

സ്ത്രീധനത്തിന്റെ പേരിലുള്ള ഇത്തരം മരണങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രി പറഞ്ഞതുപോലെ കുടുംബത്തിന്റെ മഹിമ അളക്കാനുള്ള അളവുകോൽ ആകരുത് പെൺകുട്ടികളുടെ ജീവിതം. സ്ത്രീധനത്തിന്റെ പേരിൽ ജീവൻ പൊലിഞ്ഞ ഓരോ പെൺകുട്ടിക്കും നീതി ലഭിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹവും അധികാരികളും കൂടുതൽ ജാഗ്രത പുലർത്തണമെന്നും കേളി കുടുംബവേദി ആവശ്യപ്പെട്ടു.

Spread the word. Share this post!

About the Author